Tuesday 31 December 2013

തിരിച്ചറിവിന്റെ “ ഞായറാഴ്ച “

 “ഞാൻ പോയി വരട്ടെ രാമുവേട്ടാ..രണ്ടീസം കഴിഞ്ഞു വരാം...”

 യാത്ര പറഞ്ഞ് അച്ഛന്റെ സഹോദരപുത്രി അനു കാറിൽ കയറി. പിന്നെയും അവൾക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു, പക്ഷെ , അതിനിടയിൽ... “മോനിഷ്ടമുള്ളതല്ലെ” എന്നു പറഞ്ഞ്, അവളുടെ കുഞ്ഞിനു കൊടുക്കാനായി നാട്ടാചാരങ്ങളുടെ ഭാഗമായി ബന്ധുക്കൾ കൊണ്ടു വന്നതിൽ ബാക്കിയുണ്ടായിരുന്ന രണ്ടു കുല നേന്ത്രപ്പഴവുമായി അപ്പേട്ടൻ അവിടെയെത്തിയതിനാൽ ആ സംസാരം അവിടെ മുറിഞ്ഞു. 

സ്വന്തമെന്നു പറയാൻ അച്ഛന്റെ രക്തത്തിൽ ഒരു സഹോദരി ഇല്ലാതിരുന്നതിനാൽ അവളായിരുന്നു അച്ഛന്റെ മരണശേഷം നിഴൽപ്പായിലിരുന്നത്. ആചാരമനുസരിച്ച് അടിയന്തിരസദ്യ കഴിഞ്ഞ് അവളെ പറഞ്ഞയക്കുബോൾ കാര്യമായി എന്തെങ്കിലും കൂടി കൊടുത്തയക്കേണ്ടതാണ്. പക്ഷെ അച്ഛന്റെ മറ്റു സഹോദരിപുത്രിമാർ ഒന്നും വേണ്ടെന്നു തീരുമാനിച്ചപ്പോൾ കൂട്ടത്തിൽ അവളും അതിനെ അനുകൂലിക്കുകയായിരുന്നു.

അനു പോയതിനു ശേഷം മറ്റുള്ള ബന്ധുക്കളും അയൽക്കാരും ഓരോരുത്തരായി വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങി.

അവസാനം ഞങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളും മാത്രമായി. അവരിൽ ചിലരും പോകാനിറങ്ങിയതാണ്; പക്ഷെ, കുഞ്ഞുങ്ങൾക്കു ക്ലാസ്സു തുടങ്ങാൻ ഇനിയും ദിവസമുണ്ടല്ലോ എല്ലാവരും ഇപ്പൊത്തന്നെ പോയാലെങ്ങനാ… എന്ന എന്റെ ആശങ്കയും, അമ്മയുടെ അസുഖം മൂലമുള്ള ഞങ്ങളുടെ വിഷമവും അവരെ ഇവിടെത്തങ്ങുവാൻ പ്രേരിപ്പിച്ചു. 

ആണുങ്ങളിൽ ചിലർ അത്യാവശ്യങ്ങൾക്കായി പുറത്തു പോകുകയും സ്തീകൾ സദ്യ കഴിഞ്ഞു ബാക്കിയായ സാധനങ്ങൾ അയൽ വീടുകളിലേക്കു പങ്കുവെച്ചു കൊടുക്കുന്നതിനായി അടുക്കളയിലേക്കു നീങ്ങുകയും ചെയ്ത സമയം ഞാൻ പതുക്കെ മുറ്റത്തെ ആകെ അലങ്കോലമായിക്കിടക്കുന്ന പന്തലിലേക്കിറങ്ങി. 

ആളുകളെല്ലാം പോയി തിരക്കൊഴിഞ്ഞതിനു ശേഷം മേശ, കസേര മുതലായ സാധനങ്ങൾ കൊണ്ടു പോകുന്നതിനായി കൂട്ടുകാർ വരാമെന്നു പറഞ്ഞിരുന്നു. അവർ വരുന്നതിനു മുൻപായി എല്ലാം ഒന്നൊതുക്കി വയ്ക്കാമെന്നു കരുതി അത്ര തന്നെ.

സദ്യ കഴിഞ്ഞ പന്തലിൽ അയലത്തെ ജാനുചേച്ചി അടിച്ചുവാരുന്നുണ്ടാരുന്നു. ഒരു മരണം കഴിഞ്ഞ വീടല്ലേ... അത്യാവശ്യ പുറം‌പണികൾക്കായി അച്ഛന്റെ അടക്കം കഴിഞ്ഞശേഷം ലതച്ചെറിയമ്മയുടെ നിർദ്ദേശാനുസരണം ഞാൻ വീട്ടിൽ നിറുത്തിയതാരുന്നു അവരെ. അല്ലാതെ, ഉത്തരവാദിത്തങ്ങളില്ലാതെ ജീവിതം ആഘോഷിച്ചു നടന്നിരുന്ന എനിക്ക് ഇതൊക്കെ എങ്ങിനറിയാനാണു? 

 എന്തായാലുംപോകുമ്പോൾ ജാനുചേച്ചിക്കു കാര്യമായിത്തന്നെ എന്തെങ്കിലും കൊടുക്കണം. പാവം… ഈ കുറച്ചു ദിവസങ്ങൾ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. 

 അപ്പുറത്തുനിന്നും കുട്ടികളുടെ ബഹളങ്ങളും കളിചിരികളും കേൾക്കുന്നുണ്ടു. ഇക്കഴിഞ്ഞ കുറച്ചു നാൾ ഒരുമിച്ചായിരുന്നതു കൊണ്ട് അവരെല്ലാരും നല്ല കൂട്ടുകാരായി. അനിയൻ ഗോപനും അവരുടെ കൂട്ടത്തിൽ കൂടിയിട്ടുണ്ട്. എത്ര വലുതായെങ്കിലെന്താ ഇപ്പഴും കുട്ടികളെ കണ്ടാൽ അവരോടൊപ്പം കളിക്കാൻ കൂടും. 

അപ്പോഴാണു പിറകീന്നു പതിവില്ലാതെ ജാനുചേച്ചീടെ കുശലാന്വേഷണം...
  
കേട്ടോ മോനേ, കുട്ട്യോൾടച്ഛൻ പറയാരുന്നു... ഇത്രയും ദിവസം ഇവിടെ കുട്ട്യോളൊക്കെ ഉള്ള കാരണം ഒരു ആളനക്കമൊക്കെ ഉണ്ടായിരുന്നു, അവരൊക്കെ പോയാൽ ഇന്ദിരേച്ചീം പിള്ളാരും മാത്രാവുമ്പോ ഇവിടേക്ക് നോക്കാൻ തന്നെ വിഷമാവൂന്ന്... പിന്നെ രാമൂം ഗോപനൂടെ ഗൾഫീ പോയാ ഇന്ദിരേച്ചീ ഒറ്റക്കാവ്വൂല്ലേന്ന്... 

ജാനുവേച്ചി, ഒരു തനി നാട്ടിൻപുറത്തുകാരിയുടെ ആകാംക്ഷയോടെ കുട്ട്യോൾടച്ഛനെ കരുവാക്കി ചോദിച്ച ചോദ്യം നീറിക്കത്തിക്കൊണ്ടിരുന്ന ഉമിത്തീയിലേക്കൊരു വിറകിൻ കൊള്ളി വച്ച പോലെ എന്റെ മനസ്സിനെ ആളിക്കത്തിക്കുകയായിരുന്നു. അച്ഛന്റെ പുലയടിയന്തിരത്തിനെത്തിയ ബന്ധുക്കൾക്കു നൽകിയ “എന്തെങ്കിലും ചെയ്യണം” എന്ന മറുപടി പോലും, ആലോചിക്കാൻ ഇനിയുമേറെ സമയം ബാക്കിയില്ലെന്ന തിരിച്ചറിവിനു മുൻപിൽ എന്റെ തൊണ്ടയിൽ ഉടക്കി നിന്നു. 

മറുപടി പറയാതെ നിശബ്ദനായി ചിന്തയിലാണ്ട് നിൽക്കുന്ന എന്നെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്നു കരുതിയൊ, അതോ, തീരുമാനം എന്തായാലും തനിക്കു പ്രത്യേക ഗുണമൊന്നുമുണ്ടാകുകയില്ലെന്ന അറിവോ, എന്തായാലും... കൂടുതൽ സംസാരത്തിനു നിൽക്കാതെ, “ഇതു കൂടി ഒന്നു തീർത്തിട്ടു വേണം എനിക്ക് ഒന്നു നടു നിവർത്താൻ” എന്ന ആത്മഗതത്തോടെ ജാനുചേച്ചി തന്റെ പണി തുടർന്നു.

ജാനു ചേച്ചീടെ, “കുട്ട്യോൾടച്ഛന്റെ” ചോദ്യം ബോധമണ്ഡലത്തിനുള്ളിൽ ഇനിയുമുത്തരം കിട്ടാത്ത പല ചോദ്യങ്ങളുടേയും കൂടെ കിരീടം വയ്ക്കാത്ത രാജാവായി വിലസുമ്പോൾ എന്റെ മനസ്സ് ഇക്കഴിഞ്ഞ പത്തു പന്ത്രണ്ടു ദിവസങ്ങളായി ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാനും അതിനുള്ള ഉത്തരം കണ്ടെത്താനുമുള്ള തത്രപ്പാടിലായിരുന്നു... 

 കുടുംബഭാരം വളരെച്ചെറുപ്പത്തിലെ തലയിൽ വന്നതു കൊണ്ട് ആഘോഷിക്കാൻ കഴിയാതെപ്പോയ നാട്ടിൻപുറത്തെ പള്ളിപ്പെരുന്നാളിന്റേയും പൂരത്തിന്റേയുമൊക്കെ ദിവസങ്ങൾ‌ കണക്കാക്കി, ലീവുമൊപ്പിച്ച് പതിവു പോലെ ഗൾഫിൽ നിന്നും നാട്ടിലെത്തിയതാണു ഞാനും അനുജൻ ഗോപനും. ഇടക്കിടെ ഇല്ലാത്ത കാരണവുമുണ്ടാക്കി നാട്ടിൽ വരുന്നതു കാരണം ആകെക്കിട്ടിയ പതിനഞ്ചു ദിവസത്തെ ലീവിലെ അവസാനത്തെ ഞായറാഴ് ചയിലെ ആഘോഷവും കഴിഞ്ഞ്, അന്നും പതിവു പോലെ നേരം വൈകി ഊണു കഴിക്കാനെത്തിയതായിരുന്നു ഞാൻ. പുറത്തു വെറുതെ കറങ്ങാനായി അധികം താല്പര്യമില്ലാത്ത ഗോപൻ, കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കല്യാണത്തിനു കാലത്തെ പോയിരുന്നു. 

അടുക്കളവാതിൽ തുറന്നു അകത്തു കയറി നേരെ ഊണു മേശയിൽ ചെന്നു നോക്കി. അവിടെ ഭക്ഷണമൊന്നും കാണാതെ വന്നപ്പോൾ നേരെ കിടപ്പുമുറിയിലെത്തി. ഉച്ചയുറക്കത്തിലായിരുന്ന അച്ഛനെ ഉണർത്താതെ അമ്മയെ തോണ്ടിവിളിച്ച് നേരെ ഊണുമുറിയിലെത്തി. പിന്നാലെ വന്ന അമ്മ, നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാതെ കൂട്ടുകാരുമായി ഊരുചുറ്റുന്നതിനു പതിവുപോലെ കുറെ ചീത്തയും പറഞ്ഞ് നേരം തെറ്റിയ കാരണം മാറ്റിവെച്ചിരുന്ന ചോറെടുത്ത് എനിക്കു വിളമ്പിത്തന്നു.

 അപ്പോഴാണ്, എല്ലാം ഞാനറിയുന്നുണ്ട് എന്നു കാണിക്കാനെന്നവണ്ണം ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന അച്ഛൻ, എനിക്കു വെച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചതിനു ശേഷം, “എടീ ചായയെടുക്ക്” എന്നും പറഞ്ഞ് കിഴക്കേപ്പുറത്തേക്കു പോയത്.

ഭക്ഷണം കഴിഞ്ഞെഴുന്നേറ്റ ഞാൻ നേരെ കിഴക്കേപ്പുറത്തെത്തി തിണ്ണയിൽ കിടക്കുകയായിരുന്ന അച്ഛനു കുറച്ചു മാറി കസേരയും വലിച്ചിട്ട് അവിടെക്കിടന്നിരുന്ന മാതൃഭൂമി പത്രവുമടുത്ത് വായിക്കാനിരുന്നു. 

ഓഹോ! സാറിനു ഇപ്പോഴാണു ഇതിനൊക്കെ നേരം കിട്ടീത്! കളക്ടറുദ്യോഗത്തിനു പോയിരിക്കാരുന്നൂല്ലോ, അപ്പൊപ്പിന്നെ എവിടാ നേരം അല്ലെ? എന്നും പറഞ്ഞ് അച്ഛൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി.

നിറുത്താതെയുള്ള ഛർദ്ദിലിന്റെ ശബ്ദം കേട്ടാണു ഞാൻ പത്രത്തിൽ നിന്നും തലയുയർത്തി നോക്കിയത്.

മുറ്റത്തിന്റെ കോണിൽ ഛർദ്ദിച്ച ശേഷം, “ഇന്ദിരേ... കുറച്ചു വെളുത്തുള്ളി ഒന്നു ചുട്ടേ...ഗ്യാസിന്റെ ആണെന്നു തോന്നുന്നൂ... ഒരു നെഞ്ഞെരിച്ചിൽ” എന്നും പറഞ്ഞ് അച്ഛൻ വീണ്ടും തിണ്ണയിൽ വന്നു കിടന്നു. 

പാതി ചുട്ടെടുത്ത വെളുത്തുള്ളിയുമായി വന്ന അമ്മ, ഉള്ളിയുടെ തോലു കളഞ്ഞുകൊണ്ടിരിക്കെത്തന്നെ അച്ഛന്റെ പുറവും നെഞ്ചും ഉഴിഞ്ഞുകൊടുത്തു കൊണ്ടിരുന്നു. 

വേദന തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞ അമ്മയെ , വേണ്ട, ഉള്ളി കഴിച്ചതല്ലെ, കുറച്ചു കഴിഞ്ഞാൽ തന്നെ ശരിയാകുമെന്നും പറഞ്ഞു അച്ഛൻ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഞാൻ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല. അല്ലെങ്കിലും ഇവർക്കു രണ്ടുപേർക്കും സ്വയം ചികിത്സ ഇത്തിരി കൂടുതലാണ്. അതു കൊണ്ടു തന്നെ ഇതിനെച്ചൊല്ലി ഞങ്ങൾ‌ തമ്മിൽ തർക്കവുമുണ്ടാകാറുണ്ട്. 

 വലിയ കുഴപ്പമൊന്നുമില്ലെന്നു തോന്നിയ ഞാൻ, എന്തെങ്കിലും വയ്യായ്ക തോന്നുകാണേൽ അമ്മയോട് വിളിക്കാനും പറഞ്ഞ് പതുക്കെ പറമ്പിന്റെ കോണിലേക്കിറങ്ങി. അവിടെ റോഡിലാണ് ഞാൻ ബൈക്കു വെച്ചിരുന്നത്.

ഞങ്ങൾ കൂട്ടുകാർ സമ്മേളിക്കുന്ന ആൽമരച്ചോട്ടിലെത്തിയപ്പോൾ ആരും തന്നെ എത്തിയിരുന്നില്ല. 

മഴക്കാലമായതുകൊണ്ട് വെള്ളം കയറിക്കിടക്കുന്ന, ഏകദേശം രണ്ടായിരത്തോളം ഏക്കർ വരുന്ന പാടത്തിറക്കത്തെ ആൽച്ചുവട്ടിലാണു പ്രധാനമായും ഞങ്ങളുടെ കൂടിച്ചേരൽ. എന്തായാലും ബൈക്ക് വെള്ളം കണ്ടിട്ട് കുറച്ചു നാളായി, അതുകൊണ്ടു ഒന്നു കഴുകിയേക്കാമെന്നു കരുതി ഞാൻ മുട്ടൊപ്പം വെള്ളം കയറിയ കൊയ്ത്തുനെല്ല് കയറ്റി വക്കാറുണ്ടായിരുന്ന കറ്റപ്പാടത്തേക്കു നീങ്ങി. 

അപ്പോഴാണു അയലത്തെ അമ്മയുടെ ഉറ്റ കൂട്ടുകാരി സതിചേച്ചിയുടെ മകൻ ജിനു സൈക്കിളിൽ അവിടെത്തിയത് “രാമുവേട്ടാ ഇന്ദിരേച്ചി പെട്ടെന്നു വീട്ടിലേക്കു വരാൻ പറഞ്ഞു” ജിനുവിന്റെ വാക്കുകളിൽ എന്തോ ഒരു അസ്വാഭാവികത തോന്നിയ ഞാൻ കഴുകൽ നിർത്തി പെട്ടെന്നു തന്നെ വണ്ടിയുമെടുത്തു വീട്ടിലേക്കു വച്ചുപിടിച്ചു. 

പടിക്കലെത്തി വണ്ടി സ്റ്റാൻഡിൽ വച്ച് മുറ്റത്തേക്കുള്ള പടികൾ ഇറങ്ങുബോൾ സതിചേച്ചിയും ലതവല്ല്യമ്മയും തെക്കെപ്പുറത്തൂടെ വരുന്നതു കണ്ടു. പടിഞ്ഞാറേലെ രത്നാകരേട്ടന്റെ ഭാര്യ സിന്ധു ചേച്ചി മുറ്റത്തായി തിണ്ണക്കരുകിൽ നിൽക്കുന്നുണ്ടാരുന്നു. 

ഇറയത്തേക്കു കയറി അവിടെ ഒരു കോണിലായി മലർന്നു കിടക്കുന്ന അച്ഛനെ തല മടിയിൽ എടുത്തു വച്ച്, പാതി കരച്ചിലിന്റെ വക്കിൽ നിന്ന് കൊണ്ട് കുലുക്കി വിളിച്ചു കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്കെത്തിയ എന്നോട് “മോനെ നീ പോയേനു ശേഷം ചായ കുടിച്ചോണ്ടിരിക്കെ അച്ഛൻ പെട്ടെന്ന് കുഴഞ്ഞു വീണെടാ...ഇപ്പൊ വിളിച്ചിട്ടെണീക്കുന്നില്ലടാ“ എന്നും പറഞ്ഞ് വീണ്ടും അച്ഛനെ പിടിച്ച് കുലുക്കിക്കൊണ്ടിരുന്നു. ഞാനും കുറച്ചു വിളിച്ചു നോക്കി. പക്ഷെ, ഒരു മാറ്റവുമില്ല ! എന്താ ചെയ്ക എന്നറിയാതെ ഞാൻ അന്തം വിട്ടു നിൽക്കെ, ആൽച്ചുവട്ടിൽ എന്നെക്കാണാതെ അവിടേക്ക് തിരക്കിയെത്തിയ കൂട്ടുകാരൻ ഉണ്ണിയോട് വീട്ടിപ്പോയി കാറെടുത്തു കൊണ്ടുവരാൻ ലതവല്ല്യമ്മ പറയുന്നത് കേട്ട് ഗോപനെ വിളിച്ച് കാര്യം പറയാനായി ഞാൻ പതുക്കെ മുറ്റത്തേക്കിറങ്ങി. 

എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ, വീട്ടിലെ ബഹളങ്ങൾ കേട്ട് കാര്യമറിയാൻ എത്തിക്കൊണ്ടിരുന്ന അയൽക്കാർക്കിടയിലൂടെ ഞാനും, അപ്പുറത്തെ രവിയേട്ടനും, ഉണ്ണിയും കൂടി അച്ഛനെയെടുത്ത് കാറിൽ കയറ്റി. അമ്മയും ലതവല്ല്യമ്മയും കൂടെ കയറി. എന്റെ മടിയിൽ വച്ചിരുന്ന അച്ഛന്റെ മുഖത്തേക്ക് പകച്ചു നോക്കിയിരുന്ന എന്നെ, എവിടേക്കാണു പോകേണ്ടതെന്ന ചോദ്യഭാവത്തോടെ നോക്കിയ ഉണ്ണിയോട് രവിയേട്ടനാണു പറഞ്ഞത് ഒന്നരകിലോമീറ്ററപ്പുറത്തുള്ള ആശുപത്രിയിലേക്ക് വണ്ടി വിടാൻ...

ആശുപത്രി പോർച്ചിലെത്തിയ കാറിൽ നിന്നും ചാടിയിറങ്ങിയ രവിയേട്ടൻ, ആരേയും കാക്കാതെ ഓടിപ്പോയി സ്ട്രക്ചർ എടുത്തുകൊണ്ടു വരികയും അച്ഛനെയെടുത്ത് കിടത്തി ഐസിയുവിലെക്ക് നീങ്ങുകയുമായിരുന്നു. കൂടെ നീങ്ങുകയായിരുന്ന എനിക്ക് അപ്പോൾ സ്വതവേ കുഴിയിലാണ്ടു പോയ പോലുള്ള അച്ഛന്റെ കണ്ണുകൾ കുറച്ചു നേരത്തേക്ക് തിളങ്ങിയതായും എന്തോയെന്നോട് പറയാൻ ശ്രമിക്കുന്നതായും തോന്നി.

ഐസിയുവിലെ ഡോക്ടറോട് കാര്യങ്ങൾ വിശദമാക്കിയതും, പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഡോക്ടർ അറിയിച്ച ആ വലിയ “സത്യത്തെ” അപ്പോഴും മനസ്സിലാകാതെ നിന്ന എന്നെ ഒരരികിലെക്കു മാറ്റി നിർത്തി ഒരു മൂത്തജ്യേഷ്ഠസഹോദരനെപ്പോലെ മൃതദേഹം പോസ്റ്റ്മോർട്ടമില്ലാതെ വിട്ടുകിട്ടുന്നതിനും വീട്ടിലെത്തിക്കുന്നതിനും മറ്റുമുള്ള കാര്യങ്ങൾക്കായും ഓടി നടന്നത് രവിയേട്ടനായിരുന്നു.

അച്ഛന്റെ പെട്ടെന്നുള്ള മരണം ഞങ്ങളെപ്പോലെത്തന്നെ മറ്റുള്ളവർക്കും ഒരു നടുക്കമായിരുന്നു. കാരണം, പറയത്തക്ക ഒരസുഖങ്ങളുമില്ലാതെ ഊർജ്ജ്വസ്വലനായി എല്ലാ കാര്യങ്ങളും അന്വേഷിച്ചു നടന്നിരുന്ന ആളായിരുന്നു അദ്ദേഹം. 

വിവരമറിഞ്ഞെത്തിയ ആളുകളെല്ലാം അരികിൽ വന്ന് എന്നേയും ഗോപനേയും ആശ്വസിപ്പിക്കുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ നിന്ന എനിക്ക്, മരണാനന്തരചടങ്ങുകൾക്കുള്ള കാര്യങ്ങൾക്കായി ഓടിനടക്കുന്ന തിരക്കിൽ നിന്നും അടുത്തു വന്ന് അച്ഛന്റെ മൂത്തസഹോദരന്റെ മകനായ അപ്പേട്ടൻ മാറ്റി നിറുത്തി പറഞ്ഞു തന്ന ഉപദേശങ്ങളും, അച്ഛന്റെ വയ്യായ്ക വിവരം വിളിച്ചു പറഞ്ഞ് സുഹൃത്തിന്റെ കല്യാണത്തിൽ നിന്നും വിളിച്ചു വരുത്തിയ ഗോപനോട് അച്ഛൻ വിട്ടുപോയെന്ന സത്യം അറിയിച്ചപ്പോൾ അതു താങ്ങാനാവാതെ അവനിലുണ്ടായ പ്രതികരണവുമെല്ലാം ആയിരുന്നു ഈ നിമിഷം വരെ പിടിച്ചു നിൽക്കാനും, ഒന്നിനും ഒരു കുറവും വരാതെയും, ബന്ധുക്കളാരെക്കൊണ്ടും തെറ്റായിപ്പോയെന്നു പറയിക്കാതെയും, ഇക്കഴിഞ്ഞ പത്തു പന്ത്രണ്ടു ദിവസങ്ങൾ എല്ലാവരേയും ഒന്നിച്ചു വീട്ടിൽ നിർത്തി എല്ലാം ഭംഗിയാക്കി നടത്തുവാൻ ശക്തി നൽകിയത്.

ഇതിനിടയിൽ രണ്ടേ രണ്ടു തവണ മാത്രമായിരുന്നു എനിക്കു എന്നിലെ നിയന്ത്രണം നഷ്ടമായത്. സംസ്കാരചടങ്ങിലെ പൂജകൾക്കിടയിൽ വെള്ളത്തുണിയാൽ മൂടിക്കെട്ടുന്നതിനിടയിൽ അവസാനമായി മുത്തം കൊടുക്കാനായി അച്ഛന്റെ മുഖമടുപ്പിച്ചപ്പോഴും, പിന്നെ വായ്ക്കരിയായി, അവസാന ഭക്ഷണമായ്, ബലിയുരുളയുമായി ആ ചുണ്ടുകളിലേക്ക് എന്റെ കൈ നീട്ടിയപ്പോഴുമായിരുന്നൂ അത്...

                      ““ബീഡിക്കറമൂലം കറുത്തു പോയ ആ ചുണ്ടുകൾ നൽകിയ പൊന്നുമ്മകളെ, ബാല്യത്തിലെ ഓർമ്മ വച്ച നാളുകളിൽ അനിഷ്ടത്തോടെയും അതിലേറെ അറപ്പോടെയും അകറ്റാൻ ശ്രമിച്ചിരുന്നു, എന്നിട്ടും ബലമായിക്കിട്ടിയ ഉമ്മകളെ അച്ഛൻ കാണാതെ ഓടി മാറി തൂത്തു കളയുമായിരുന്നു. പിന്നെ വല്ലപ്പോഴും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന സമയത്ത് ഓരോ ഉരുളകൾ മക്കളുടെ കൈകളാൽ അച്ഛൻ ആവശ്യപ്പെടുക പതിവായിരുന്നു. അപ്പോഴൊക്കെ ഗോപൻ സന്തോഷത്തോടെ നൽകുമ്പോഴും ഞാൻ മടി കാണിക്കുമ്പോൾ ബലമായി വാങ്ങിയ ശേഷം അച്ഛൻ പതിയെ പറയുമായിരുന്നു “നീ ഇപ്പൊ എത്ര നിരസിച്ചാലും അവസാനം ഞാൻ മരിച്ചാൽ തീർച്ചയായും തരേണ്ടി വരും, കാരണം “ നീയാണെന്റെ മൂത്ത മകനെന്ന് ....” “”

ആ നിമിഷം എന്നിലുണർന്ന ഓർമ്മകൾ, അതു വരെ ഞാൻ കാത്തു സൂക്ഷിച്ച എല്ലാ നിയന്ത്രണങ്ങളേയും പൊട്ടിച്ചെറിയാൻ കെൽപ്പുള്ളതായിരുന്നൂ... അതു വരെ പിടിച്ചു നിന്ന എന്റെ ആ നിമിഷത്തെ “സങ്കടക്കടൽ” ചുറ്റിനും കൂടി നിന്നിരുന്ന പലരുടേയും കണ്ണുകളെ ഈറനാക്കിയെന്ന് പിന്നീട് ചെറിയമ്മമാർ പറഞ്ഞ് ഞാനറിഞ്ഞു.

ജാനുചേച്ചിയുടെ ചോദ്യം എന്നിലുണർത്തിയ ഓർമ്മകളിൽ നിന്നും എന്നെ തിരിച്ചുകൊണ്ടു വന്നത് സദ്യക്കെടുത്ത പാത്രങ്ങളും, മേശ, കസേര മുതലായവയും കൊണ്ടു കൊടുക്കാനായി വണ്ടിയുമായെത്തിയ കൂട്ടുകാരായിരുന്നു. അവരെ പറഞ്ഞയച്ചതിനു ശേഷം കുളി കഴിഞ്ഞ് ബഹളങ്ങളിൽ നിന്നും മാറി റൂമിൽ കയറി പലവിധ ചിന്തകളുമായി വെറുതെ കിടന്ന ഞാൻ ക്ഷീണം മൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല.

“രാമുവെ, ഒന്നെണീറ്റെ നിന്നെ ദാ വലിയച്ഛൻ ഉമ്മറത്തേക്കു വിളിക്കുന്നു, അവിടെ അയല്പക്കത്തെ ചില കാർന്നോമ്മാരും ഉണ്ട്. ഇനി മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനാണെന്നു തോന്നുന്നു അവർ വിളിക്കുന്നത്. എന്തായാലും മോൻ മുഖമൊക്കെ ഒന്നു കഴുകി അവിടേക്ക് ചെല്ല്.”

അമ്മയുടെ ഏറ്റവും ഇളയ അനുജത്തി നീനച്ചെറിയമ്മയുടെ കുലുക്കി വിളിച്ചു കൊണ്ടുള്ള സംസാരമാണു എന്നെ ആ കുറച്ചു നേരമെങ്കിലും ഗാഢമായിപ്പോയ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. 

അച്ഛന്റെ പെട്ടെന്നുള്ള മരണം മൂലം നീട്ടിയെടുത്ത ലീവു തീരാനിനി രണ്ടു ദിവസം കൂടിയെ ശേഷിക്കുന്നുള്ളുവെന്ന ഓർമ്മയും, ഇത്രയും വലുതായിട്ടും സമപ്രായക്കാരെപ്പോലെ ചെറിയമ്മമാരുടെ മക്കൾക്കൊപ്പം വിഷമം മറക്കാനായി കളിച്ചുകൊണ്ടിരിക്കുന്ന ഗോപന്റെ രൂപവും, അഞ്ചെട്ടു കൊല്ലമായി വേറാരുമിടയിലില്ലാതെ പരസ്പരം സ്നേഹിച്ചും സന്തോഷിച്ചും കഴിഞ്ഞിരുന്ന ഇണയുടെ പെട്ടെന്നുള്ള വേർപാട് താങ്ങാനാവാതെ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ രോഗിയായി മാറിയ അമ്മയെക്കുറിച്ചുള്ള വ്യാകുലതയും മനസ്സിലൊതുക്കി മുഖം കഴുകാനായി ഞാൻ ബാത്ത്റൂമിലേക്കു നീങ്ങി.

മുഖവും കൈയ്യും കഴുകി പുറത്തിറങ്ങിയ ഞാനെന്റെ വിഷമങ്ങലെല്ലാം ഉള്ളിലൊതുക്കി, അമ്മക്കും ഗോപനുമൊരു തണലായി, അച്ഛനു ചെയ്തു തീർക്കാൻ കഴിയാതെ ബാക്കി വച്ചുപോയ കാര്യങ്ങളും പൂർത്തിയാക്കിക്കൊണ്ട് ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള നല്ലൊരു തീരുമാനം എടുക്കാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ ഉമ്മറത്തേക്കു നടന്നു. 

ഇപ്പോൾ എനിക്കു ഒന്നു മനസ്സിലാകുന്നു... ഐസിയുവിലേക്കുള്ള യാത്രക്കിടയിൽ അച്ഛൻ എനിക്കു തോന്നിപ്പിച്ച ആ കണ്ണുകളുടെ തിളക്കത്താൽ... പറയാതെ പറഞ്ഞത് എന്തായിരുന്നെന്ന്...  

   **********************************